Thursday, October 30, 2008

കോലങ്ങള്‍

കാലമേറെയായി ഞാനാ
വീടിന്‍റെ പടിവാതില്‍ താണ്ടിയിട്ടു്‌..
ഒന്നിനും മാറ്റമില്ലൊന്നിനും,
പൊട്ടിപ്പൊളിഞ്ഞ ഭിത്തികള്‍ക്കല്ലാതെ..
ബാല്യം പങ്കു വെച്ച ഉമ്മറത്തിണ്ണകളും
വാര്‍ദ്ധക്യം നെടുവീര്‍പ്പിട്ട ചാരുകസാലയും
വിധിയുടെ കോലങ്ങള്‍ പോല്‍ ഇന്നും ഭദ്രം..
"ആരുമില്ലേ" എന്ന ഉറക്കെ ചോദ്യം
ശൂന്യതയിലെവിടെയോ തലയിട്ടടിച്ചു..
ഓടാമ്പല്‍ നീങ്ങിയ വാതിലിനപ്പുറം
ജീവിതം പ്രഹരിച്ച മനുഷ്യസത്യങ്ങള്‍..
സ്നേഹം അന്യം നിന്ന മുഖഭാവങ്ങളിലിന്നും
തേടിയതു കാണാതെ തിരികെ നടക്കുമ്പോള്‍
ഓര്‍ക്കുന്നു വീണ്ടും,ഒന്നിനും മാറ്റമില്ലിവിടെ
ഒന്നിനും ചിതലരിച്ച മനസ്സുകള്‍ക്കു പോലും..

വെളുത്ത വാവു്‌

ഇന്നെന്തേ രാവിനു ഇത്ര വെണ്മ?
ഈറന്‍ നിലാവിന്‍ പാല്‍മണം വീണതോ?
താരകസ്വപ്നങ്ങള്‍ മുല്ലയായി പൂത്തതോ?
മേഘമാം മുത്തശ്ശി വെണ്‍ഭസ്മം തൊട്ടതോ?
ഇത്തിരി മോഹങ്ങള്‍ ഓര്‍മ്മയായി പാടുമെന്‍
മനസ്സിന്‍റെ പന്തലില്‍ ചന്ദ്രികയുദിച്ചതോ?
ഒരു മഞ്ഞുതുള്ളി തന്‍ നൈര്‍മ്മല്യവും പേറി
പണ്ടത്തെ മഴയൊരു കുളിരായി ചിരിച്ചതോ?
വീണലിയവേ മണ്ണിന്‍റെ മാറിലെ
മൂകമാം നൊമ്പരം മുഖംമൂടിയണിഞ്ഞതോ?
ഒന്നുമേ നല്‍കാതുറക്കിയതെങ്കിലും
തങ്കക്കിനാവുകള്‍ പുഞ്ചിരി പെയ്തതോ?

ഉത്സവം

ഉത്സവമേളത്തിന്‍ നാന്ദിയായി,
കൊടിയേറി കാണുവാന്‍ ഭക്തജനസമുദ്രം
സുന്ദരമാമെന്‍ ഗ്രാമത്തിന്‍ ഫാലത്തില്‍
സുവര്‍ണ്ണദീപ്തമാം തിലകമാണാ ക്ഷേത്രം..
മഹാദേവന്‍റെ തിരുപ്രസാദത്തിനാല്‍
മഹാദുഃഖങ്ങളെല്ലാം ശമിച്ചീടും..
ഉണ്ണിഗണപതി രക്ഷസും നാഗരും
പാര്‍ശ്വേ വസിക്കുന്ന പുണ്യമാം കോവിലിന്‍
ഒരു കാതം മാത്രം അകലെയാണല്ലോ
ദേവനു പ്രിയയാകും ഉമ തന്‍ ഇരിപ്പിടം.
ശതദിനം നീളുന്ന മഹാസംഗമമതില്‍
സപ്താഹ പുണ്യം നിറയുന്ന പകലുകള്‍
രാവിനു മാറ്റേകും തിരുവെഴുന്നള്ളത്തും
മനസ്സിനു സുഖമേകും തിരുദര്‍ശനവും
എന്നുമെന്‍ അകതാരില്‍ പൂമഴ പൊഴിച്ചീടും
ആ പുണ്യ നാളിന്‍റെ സ്മൃതിദലങ്ങള്‍...

ദീപാരാധന

മഴയുടെ കിന്നാരം തീര്‍ന്നൊരു സന്ധ്യയില്‍
മലരുകള്‍ ഈറനില്‍ കുളിച്ച നാളില്,
നിറദീപം തെളിയുന്ന തുളസിത്തറ മുന്നില്‍
കുറി തൊട്ടു നില്ക്കുന്നു സന്ധ്യയും ഞാനും..

ദൂരെയാ കോവിലില്‍ ദീപാരാധനയ്ക്കാ-
യിരം ദീപങ്ങള്‍ തൊഴുതു നിന്നു..
ഇടയ്ക്കയും ചെണ്ടയും നാദസ്വരവുമായി
വെണ്മുകില്‍ കഴകത്തിനൊരുങ്ങി നിന്നു..

ശംഖിന്‍റെ സ്വപ്നം ഒരു ഭക്തിഗീതമായി
കാറ്റിന്‍റെ നെഞ്ചില്‍ അലിഞ്ഞിറങ്ങി
ഒരു ഗദ്ഗദം പോലും പകരാതെ ചന്ദ്രിക
ശീവേലി കാണുവാന്‍ ഒതുങ്ങി നിന്നു..

വെള്ളാരംകണ്ണുള്ള പെണ്‍കുട്ടി

അദ്ഭുതങ്ങള്‍ കാട്ടി അവളെന്നുമെന്നെ പേടിപ്പെടുത്താറുണ്ടായിരുന്നു..
കുപ്പിവള കിലുക്കം പോലെയുള്ള ചിരിയുതിര്‍ത്തു
എന്‍റെ ശൂന്യതയ്ക്ക് വിരമാമിടുമ്പോഴും
വെള്ളാരംകണ്ണുകളില്‍ കണ്ണീരിന്റെ നനവു കാത്തു
ആദ്യമായി അവളെന്നെ അദ്ഭുതപ്പെടുത്തി
പിന്നെ, ആരും പഴിയ്ക്കുന്ന എന്‍റെ മോഹഭംഗങ്ങളെ
നെഞ്ചിലേറ്റി വേദനയോടെ പൊട്ടിക്കരഞ്ഞപ്പോള്‍ രണ്ടാമതും..
സൌഹൃദമേടകളിലിരുന്നു കഥകള്‍ പങ്കിട്ടപ്പോളും
സൂര്യന്റെ മരണത്തില്‍ നെഞ്ചുരുകിയപ്പോഴും
മഴയുടെ കണ്ണീരില്‍ സ്വയം അലിഞ്ഞപ്പോഴും
ഒരേ തൂവല്‍ പക്ഷികളായി വീണ്ടും വീണ്ടും
അവളെന്നില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു..
ഒടുവില്‍ പകല്‍ പോലും ഉറങ്ങാന്‍ തുടങ്ങിയ
ഒരു ത്രിസന്ധ്യയില്‍, ഒരു മഹാദ്ഭുതം കാട്ടിയവള്‍
മരണത്തിന്‍ ചിറകേറി ഉള്ളം നീറ്റുന്ന സ്മരണയായി മാറിയപ്പോള്‍
‍എന്‍റെ ദുഃഖങ്ങളുടെ പട്ടികയില്‍ ഒരു ചോദ്യം ബാക്കി..
എനിക്കു പോലും അജ്ഞാതമായ, നിന്നെ തകര്‍ത്ത ആ കഥയെന്തെന്ന ചോദ്യം..
ഇന്നും സൌഹൃദത്തിന്‍ പൊയ്മുഖങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കുന്നു നിന്നെ ഞാന്‍,
ഒപ്പം സ്നേഹം തുളുമ്പിയ നിന്‍റെ വെള്ളാരംകണ്ണുകളും..



Tuesday, October 28, 2008

ദുരന്തങ്ങള്‍

ദുരന്തങ്ങള്‍ - മനുഷ്യന്റെ കണ്ണില്‍
വിധിയായി പൊഴിയുന്ന കണ്ണുനീര്‍ത്തുള്ളികള്‍
കാലചക്രത്തിന്‍ കളിപ്പാട്ടമെന്നോതി നാം
നെഞ്ചില്‍ തറയ്ക്കുന്ന ദു:ഖത്തിന്‍ മുള്ളുകള്‍..
കടലാസ്സുതോണികള്‍ നിറയുന്ന ജീവിതനദിയിലെ
തുഴയില്ലാതൊഴുകുന്ന സത്യത്തിന്‍ ഓടങ്ങള്‍
ഒരു ചെറുപുഞ്ചിരിയാല്‍ ഹൃദയം തളിര്‍ക്കവേ
വിഷം ചീറ്റി മായ്ക്കുന്ന കാകോളസര്‍പ്പങ്ങള്
ചിരിയുടെ മുഖംമൂടി വാരിയണിഞ്ഞാലും
ഉള്ളം പുകയ്ക്കുന്ന അഗ്നി തന്‍ നാളങ്ങള്‍
നിങ്ങള്‍ വന്നൊരു മാത്ര തലോടി പോകിലും
തകര്‍ന്നുടയുന്നു ഞങ്ങള്‍ തന്‍ ജന്മങ്ങള്‍
അരുതേ, ഒരാളിലും കദനങ്ങള്‍ നിറയ്ക്കുവാന്‍
അറിയാതെ പോലും നിങ്ങളീ വഴി പോകരുതേ..

സ്നേഹം

കാഹളമൂതുന്ന കാറ്റിന്റെ നെഞ്ചിലും
കാപട്യമില്ലാത്ത സ്നേഹമായിരിക്കുമോ?
സ്നേഹപൂന്തെന്നലില്‍ ഊഞ്ഞാലിലാടുമാ
ഇലയുടെ കണ്ണിലും സ്വപ്നമായിരിക്കുമോ?


മാമരതല്പത്തില്‍ തല ചേര്‍ത്തുറങ്ങവേ
പ്രിയമനമാകവേ ഗദ്ഗദം ഉണരുമോ?
പൂവിനെ പിരിയവേ മൊട്ടിട്ട നൊമ്പരം
ചുണ്ടിണ രണ്ടിലും വിരിയാതിരിക്കുമോ?


പ്രാണനില്‍ ചേര്‍ത്തൊരാ സഖിയുടെ യാത്രയില്‍
ചില്ല തന്‍ മനമൊന്നു പിടയാതിരിക്കുമോ?
മംഗളമേകുവാന്‍ കൈ വീശി നിന്നാലും
മിഴിയിണ ഒരു നിമി നനയാതിരിക്കുമോ?

അന്തരം

ഒരു രാവിന്‍റെ അന്തരം മാത്രമാണെങ്കിലും ഇന്നിനും നാളെയ്ക്കും എന്തൊരന്തരം.
ഇന്നിന്‍റെ മാറില്‍ തല ചേര്‍ത്തുറങ്ങുന്ന
മണിപൈതലാകുന്നു നാളെ
ഇന്നിന്‍റെ ചിതഭസ്മമതാകട്ടെ
നാളെ തന്‍ നെറ്റിയില്‍ തൊടുകുറിയായിടും
നാളെയെന്നുള്ള സ്വപ്നമതില്ലെങ്കില്‍
ഇന്നിന്‍റെ ജീവിതം വ്യര്‍തഥമെന്നോര്ക്കുക
ഇന്നുറങ്ങാതിരിക്കിലോ സ്വപ്നമേ
നാളെ നീ വെറുമൊരു സ്വപ്നമായി തീര്‍ന്നിടും.

വൃദ്ധഭ്രാന്തന്‍

താരകങ്ങള്‍ വിരുന്നൂട്ടുമാ ശാലയ്ക്കു പിന്നിലായ്
കാണാം, എച്ചില്‍ക്കൂന തന്‍ നടുവിലായ്
ഒരു വറ്റു ചോറിനായ് നായ്ക്കളോടെതിരിടും
ഭ്രാന്തനായോരു വൃദ്ധ ഗാത്രത്തിനെ..

കണ്ണുകള്‍ കുഴിയിലാണ്ടു പോയിക്കഴിഞ്ഞു,
ദേഹമോ വെറുമൊരസ്ഥികൂടം മാത്രം
സുവര്‍ണ്ണമായൊരാ നഗരത്തിലിന്നൊ-
രക്ഷരത്തെറ്റു പോല്‍ ഇരിക്കയാണാ വൃദ്ധന്‍.

പൊയ്പ്പോയ ജന്മത്തിന്‍ ഏതോ സ്വപ്നങ്ങള്‍
ഇന്നും മനസ്സില്‍ നടനമാടുന്നെന്നോ,
കഠിനമാം വിശപ്പിന്‍ നടുവിലും കാണാം
ആ ചുണ്ടുകള്‍ പുഞ്ചിരി പെയ്യുന്നു.

ഉറ്റവരാരുമില്ലാത്തവനാണെന്നു വ്യക്തം
ഉടുതുണി പോലും പേരിനു മാത്രം
ഒരു സ്വാന്തനത്തിനായി ഇന്നാരുമില്ല,
കൂട്ടിനായി ചുറ്റും നായ്ക്കളും ഈച്ചയും മാത്രം.

പതിയെ നടന്നകലുകയാണയാള്‍,
ഉള്ളില്‍ നുരയുന്നു ദുഃഖവും ക്ഷുത്തും
പുറമേ ദയാലുക്കളെന്നു നടിപ്പോര്‍ക്കു
മുന്നില്‍ കരങ്ങള്‍ നീട്ടുന്നു കരുണയ്ക്കായ്..

ഭ്രാന്തമാമേതോ സങ്കല്പമഞ്ചത്തിലേറി,
വിശപ്പിനെ കല്ലെടുത്തെറിയുന്നു നീചരാം ‍യാത്രികര്‍
അതു കാണ്‍കെ അറിയാതെയെങ്കിലും ചോദിച്ചു പോകുന്നു,
ഭ്രാന്തു പിടിച്ചതു നിങ്ങള്‍ക്കോ, വൃദ്ധനോ?

Monday, July 21, 2008

എന്‍റെ കേരളം

മധുരം കിനിയുമൊരോര്‍മ്മയായിന്നെന്‍
മനസ്സില്‍ നിറയുന്നു മലയാളം,
മാവേലിപ്പാട്ടിന്‍റെ ഈരടികള്‍ മൂളുന്ന
മലരും കിളിയും വിളിക്കുന്നു..


പൊന്‍വെയില്‍ കസവിട്ട പൂഞ്ചേല ചുറ്റിയെന്‍‍
‍കൈരളി സുസ്മേരം പൊഴിക്കുന്നു..
പുഴയും വയലും ചുംബിച്ച പൂങ്കാറ്റ്
അമ്പലം ചുറ്റി നാമം ജപിക്കുന്നു..
ഉഷസ്സിന്‍റെ സ്വപ്നങ്ങള്‍ സ്വന്തമാക്കി സൂര്യന്‍
‍സന്ധ്യയെത്തേടി നട കൊള്ളുന്നു,
കടലിന്‍റെ കണ്ണീരില്‍ സ്നാനം നടത്തി
സിന്ദൂരകംബളം പുതയ്ക്കുന്നു.


ദൂരെയാണെങ്കിലും അമ്മേ നിന്നുടെ
സ്നേഹത്താരാട്ടില്‍ ഞാനിന്നും ഉറങ്ങുന്നു.
എത്ര ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞാലും
നിന്‍ പൈതലാവാന്‍ ഞാന്‍ കൊതിക്കുന്നു.

Thursday, July 17, 2008

പുണ്യം

ഒരു തീര്‍ത്ഥകണമായി നീയെന്‍റെ നെറുകയില്‍
‍ആദ്യമായന്ന് പതിച്ച നാളില്‍,
ഒരു തുളസീദളമായി നീയെന്‍റെ മുടിയിലെ
സൌഗന്ധപുഷ്പമായി തീര്‍ന്ന നാളില്‍,


ഒരു കുഞ്ഞുതൂവലായ് നീയെന്‍റെ ജാലക-
വാതിലിലെന്നും അണഞ്ഞ നാളില്‍,
ഒരു മഞ്ഞുതുള്ളിയായ് നീയെന്‍റെ ഉഷസ്സിന്‍
‍നൈര്‍മ്മല്യഭാവമായി തീര്‍ന്ന നാളില്‍,


ഒരു പുതുകാറ്റായെന്‍ ജീവന്‍റെ പൈങ്കിളി
പൂഞ്ചിറകുകള്‍ വീശി പറന്ന നാളില്‍,
ഒരു വര്‍ണ്ണചിത്രമായ് നിന്നെയെന്നുള്ളിലെ
ചിതല്‍ഭിത്തിയിലെന്നും അണിഞ്ഞ നാളില്‍,


ആ ദിനങ്ങളേകിയ സുന്ദര സ്വപ്നത്തില്‍
‍ഒഴുകി ഞാനില്ലാതെയായ നാളില്‍,
അറിയുന്നുവോ നീയാ നാളിന്‍റെ ഭംഗികള്‍
ഇത്ര നാള്‍ തേടിയ ഭാഗ്യമേ, മമ ചേതനയുടെ സായൂജ്യമേ...

യാത്രാമൊഴി

സന്ധ്യയ്ക്ക് സിന്ദൂരക്കോടി നല്‍കി
തിങ്കളാം ദേവന്‍ സുമംഗലിയാക്കി,
മാതൃദുഃഖം പേറുന്ന പകലിനോ
പകലവന്‍ മാറില്‍ സ്വാന്തനമേകി.

ജനനം മുതലവള്‍ പങ്കിട്ട സ്വപ്നങ്ങള്‍
‍സ്വഗൃഹം വാരി നെഞ്ചിലൊതുക്കവേ,
അറിയാതെയെങ്കിലും വാനില്‍ പരന്നവ
ചിത്രകാരന്‍ ചാലിച്ച വര്‍ണ്ണങ്ങള്‍ പോലവേ..

സിന്ദൂരക്കുറിയിട്ട സുന്ദരിപ്പെണ്ണിനായ്
നക്ഷത്രദീപങ്ങള്‍ താലം പിടിച്ചു
ഹൃദയം നിറയുന്ന സ്നേഹം തുളുമ്പവേ
വെണ്‍ചന്ദ്രകിരണങ്ങള്‍ രത്നങ്ങളായിതാ..

ഇരുമിഴികളിലൊന്നില്‍ നിറയുന്ന വിരഹവും
മറ്റൊന്നില്‍ സ്വപ്നത്തിന്‍ തങ്കതിളക്കവും
മനസ്സിന്‍ പ്രതിഫലനം ആയിത്തുടിക്കുമ്പോള്‍
സന്ധ്യ തന്‍ വദനവും ചുവന്നു തുടുക്കുന്നു..

നീലരാവിന്‍ ശുഭ്രമാം മഞ്ചത്തില്‍
‍ചന്ദ്രബിംബത്തിന്‍ ചുംബനമേല്ക്കവേ,
പതിയെ മനസ്സില്‍ മായുന്നു മറയുന്നു
പകലിന്‍റെ ദുഃഖവും സൂര്യന്‍റെ താപവും..

ഇനിയൊരുഷസ്സിന്‍ പിറവി തന്‍ നൊമ്പരം
എതിരേല്ക്കാനകലെ ഒരുങ്ങുകയാണവര്‍
വിരഹം വിതയ്ക്കുന്ന മൌനനൊമ്പരങ്ങള്‍
മനസ്സില്‍ നിറയും എന്നറിവോടു തന്നെ...

Monday, July 14, 2008

കണ്ണനായ്..

എന്നുണ്ണിക്കണ്ണന്‌ നൈവേദ്യമാകുവാന്‍
‍എന്‍ ജന്‍മ നവനീതമേകുന്നു ഞാന്‍
മുരളികയൂതുമെന്‍ കാര്‍മുകില്‍വര്‍ണ്ണന്‍റെ
മുരളി തന്‍ ഗാനവും ഞാന്‍..

വനമാലി തന്നുടെ വനമാലയാകുവാന്‍
‍പൂവായ് പിറക്കുന്നു ഞാന്‍
മഞ്ഞപ്പട്ടുടയാട ചാര്‍ത്തുമെന്‍ കണ്ണന്‍റെ
കാല്‍ത്തളയാകുന്നു ഞാന്‍..

എന്‍ പ്രിയ കൃഷ്ണന്‍റെ നെറുകയിലാടുന്ന
ഒരു മയില്‍പ്പീലിയും ഞാന്‍..
ആ പുണ്യ പദതളിര്‍ കാണാന്‍ കൊതിക്കുന്ന
കാളിന്ദി രേണുവും ഞാന്‍...

എങ്കിലും, ദുഃഖങ്ങള്‍ കാളിയനായി ആടുന്ന
ഈ ജന്മ നദിയിലെ ഓളങ്ങളെല്ലാം
ഇന്നും തേടുന്നു കണ്ണാ നിന്നുടെ
നര്‍ത്തനം ചെയ്യുന്ന പൂവിതള്‍ പാദങ്ങള്‍..

Thursday, June 19, 2008

വിട

എവിടെയോ എന്നാത്മാവ്‌ നഷ്ടമായിരിക്കുന്നു...
ദൂരെ, ഏതോ ഒരപൂര്‍ണ്ണ സ്വപ്നത്തിന്‍ വിഹായസ്സിലെവിടെയോ,
നിഷ്ക്കളങ്കത നിറം മാറി ആടിയ ജീവിതശ്ശാലകളിലെവിടെയോ,
നന്മകള്‍ മരവിച്ചുറങ്ങിയ അങ്കണങ്ങളിലെവിടെയോ,
ആര്‍ക്കൊക്കയോ വേണ്ടി ജന്‍മം വിഴുപ്പലക്കിയ കടവുകളിലെവിടെയോ,
എവിടെയാണെന്ന്‌ സൂക്ഷ്മമായി അറിയാത്ത പൂമുഖങ്ങളിലെവിടെയോ,
ഒരു നാളും തിരികെ വരാതിരിക്കുവാന്‍ വേണ്ടി,
വേദനയൊടെന്നാത്മാവ്‌ യാത്രയായിരിക്കുന്നു....