Thursday, May 17, 2018

അന്തരം
ഒരു രാവിന്‍റെ അന്തരം മാത്രമാണെങ്കിലും,
ഇന്നിനും നാളെയ്ക്കും എന്തൊരന്തരം.
ഇന്നിന്‍റെ മാറില്‍ തല ചേര്‍ത്തുറങ്ങുന്ന
മണിപൈതലാകുന്നു നാളെ.
ഇന്നിന്‍റെ ചിതഭസ്മമതാകട്ടെ,
നാളെ തന്‍ നെറ്റിയില്‍ തൊടുകുറിയായിടും
നാളെയെന്നുള്ള സ്വപ്നമതില്ലെങ്കില്‍
ഇന്നിന്‍റെ ജീവിതം വ്യര്‍ത്ഥമെന്നോർക്കേണം.
ഇന്നുറങ്ങാതിരിക്കിലോ, സ്വപ്നമേ
നാളെ നീ വെറുമൊരു സ്വപ്നമായി തീര്‍ന്നിടും.

Friday, May 4, 2018

ഒരിലപോലുമനങ്ങുന്നതില്ല,
മൗനം ചിറകുവിടർത്തിയോരീ
ചെറുചില്ലയിൽ..
ഒരു മുളന്തണ്ടുമേറ്റുപാടുന്നതില്ല,
പല്ലവി പിഴച്ചോരെൻ
ഗാനവീചികൾ ...
ഒരു വസന്തംപോലും
പകരുന്നതുമില്ലീ
മാനസപ്പൂവിലായ് തേൻമധുരം..
ചിറകറ്റുവീഴുന്നെൻ പകൽപ്പക്ഷികൾ,
ഇരുളിൽ പിടയുന്നു രാക്കിളികൾ..
മൗനത്തിൻ കുടചൂടി തപസ്സിരിക്കുന്നു
മാനസക്കൂട്ടിലെ പാഴ്ക്കിനാക്കൾ..

Thursday, May 3, 2018

ഇനി കടം തരാനൊരു 
പകലില്ലെന്നുകാതിലോതി, 
തീതുപ്പിയ സൂര്യനെ വിഴുങ്ങി,
മുടിയഴിച്ചാടുന്നൂ  ഇരുണ്ടസന്ധ്യ..

കൊഴിഞ്ഞ പകലിലെ,
സ്വയം മറന്നാടിയ ഗാനങ്ങൾ 
പാഴ് ശ്രുതി മാത്രമെന്ന്  
കൂട്ടം കൂടി പരിഹസിച്ചാർക്കുന്നു 
രാക്കൂട്ടിലെ ചീവീടുകൾ.

മഴനൂലുകൾ ചിന്നുമീ കറുത്തവാവിൽ,
മിഴിനീരിൻനൂലാലെൻ കാഴ്ച മായ്ച്,
അകലങ്ങളിൽ ഒരു പൊട്ടായ് മായുന്നു 
നീ തുഴയുന്നോരാ സ്നേഹവഞ്ചി...

ചില്ലുപാത്രംപോലുടഞ്ഞുതകർന്ന്,
ദൂരേയ്ക്ക്ക മിഴി പാകി, കടവത്തുനിൽപ്പൂ,
അഗ്നിഗോളങ്ങൾ വിഴുങ്ങി
മറ്റൊരു സന്ധ്യയായ് ഞാനും