Thursday, November 8, 2018

എത്ര സുന്ദരം
ചില മാനസപ്പൂവുകൾ..
കണ്പീലിക്കറുപ്പുള്ള, 
മുടിത്തുമ്പിൽ പൂവുള്ള, 
നനുത്ത പാദങ്ങളുള്ള
അംഗനമാരെപ്പോലെ,
ആകാശക്കടവിലെ
സ്വർണ്ണത്താമരമിഴികൾ പോലെ,
നിലാവിൽചിരിതൂകും
ആമ്പൽപ്പൂഞ്ചൊടികൾ പോലെ,
സൗഗന്ധികങ്ങൾവിരിയുന്ന
സുന്ദരസന്ധ്യാകുങ്കുമംപോലെ.

അതിസുന്ദരം,
മധുരത്തേൻനിറയുമാ
മലർക്കുടങ്ങൾ...
മധുസ്മിതംതൂകുന്ന
പൂനിരകൾ...
ഇനിയൊരു ജന്മം
മരമായിപിറക്കണം,.

സിരകളിൽ മഞ്ഞുപെയ്യുന്നതുകേട്ട് 
കണ്ണടച്ചുറങ്ങാൻ,..
കള്ളച്ചിരിയുമായി വെയിൽ 
വന്നുമ്മ വെച്ചുണർത്തുമ്പോൾ 
ഉറക്കച്ചടവോടെ ഉണർന്നെണ്ണീക്കാൻ,
വർണ്ണങ്ങൾവാരിച്ചുറ്റി
അഴകിൻപൊൻകിരണം ചൂടാൻ,
മധുപൻ മൂളും പാട്ടിനൊപ്പം
പൂക്കളുടെ വിരൽതൊട്ട്
നൃത്തം ചെയ്യാൻ,
ഉന്മാദലഹരിയിൽ
കാറ്റിനോടൊപ്പം യാത്രപോകാൻ,

ഒടുവിൽ കൊഴിഞ്ഞു വീഴുമ്പോളും
ചുണ്ടിൽ ഒരു ചിരി കാത്തു വെയ്ക്കാൻ...
മരമായി, ഇലയായി വിരിയണമെനിക്ക്
ഇനിയൊരുനാൾ...
ഇനിയൊരുനാൾ..
നിന്റെയാകാശങ്ങളിലെന്നുമേ പൂക്കണം
മാണിക്യക്കണ്ണുള്ള നക്ഷത്രപ്പൂവുകൾ
നിന്റെ ഹൃദയങ്ങളെന്നുമേയെന്തണം
മലരിതളഴകേകും പൊന്കണിത്താലങ്ങൾ..

നീ ചിരിക്കുമ്പോളെന്നുമേ പൊഴിയണം,
പൂന്നിലാപ്പെണ്ണിന്റെ പിച്ചകപ്പൂവുകൾ..
അതിനായി മാത്രം, അതിനായി മാത്രം,
ഈ പകലുകളെന്നുമേ രാവുകളാവണം..

എന്നുമെൻ നെഞ്ചിലെ പ്രാർത്ഥനാമാലയിൽ
ഉരുക്കി ഞാൻ ചേർക്കുന്നീയക്ഷരമുത്തുകൾ...
ചന്തമേറെയുണ്ട്
നിൻചുണ്ടിലെ
ചെന്താമരപ്പൂവിൽ
വന്നുമ്മവെയ്ക്കുമീ
പൂങ്കാറ്റിനും വണ്ടിനുമാ
പൂവിൽവീണലിയുമെൻ
ചുംബനത്തേനിനും...
ഇനിയൊരു സുഗന്ധമീ
സിരകളിലേകാതെ,
കൊഴിഞ്ഞു പോകയോ,
നീയെൻ ചെമ്പനീർപുഷ്പമേ...
തിരികെ പോവുന്നു ഞാൻ,
ഈ വഴിത്താരയിലേകയായി,
ഇന്നു തിരികേപ്പോവുന്നു ഞാൻ.
നീ തന്ന പൂക്കാലം
തിരികേയേൽപ്പിച്ചു
തനിയേ മടങ്ങുന്നു ഞാൻ ;
ഒരു പൂവ് പോലും ചൂടാതെ,
ഒരു മൊട്ട് പോലും നുള്ളാതെ,
തനിയേ മടങ്ങുന്നു ഞാൻ ,
എന്നിരുന്നാലും,
തിരികേ ചോദിച്ചീടരുതേ
തിരിച്ചു നൽകുവാനാവാതെ,
എന്നോ ഞാനെന്റെ
ആത്മാവിലെവിടെയോ,
നീ കാണാതെയൊളിപ്പിച്ച
പൂമണമൊരുനാളും..