Monday, July 21, 2008

എന്‍റെ കേരളം

മധുരം കിനിയുമൊരോര്‍മ്മയായിന്നെന്‍
മനസ്സില്‍ നിറയുന്നു മലയാളം,
മാവേലിപ്പാട്ടിന്‍റെ ഈരടികള്‍ മൂളുന്ന
മലരും കിളിയും വിളിക്കുന്നു..


പൊന്‍വെയില്‍ കസവിട്ട പൂഞ്ചേല ചുറ്റിയെന്‍‍
‍കൈരളി സുസ്മേരം പൊഴിക്കുന്നു..
പുഴയും വയലും ചുംബിച്ച പൂങ്കാറ്റ്
അമ്പലം ചുറ്റി നാമം ജപിക്കുന്നു..
ഉഷസ്സിന്‍റെ സ്വപ്നങ്ങള്‍ സ്വന്തമാക്കി സൂര്യന്‍
‍സന്ധ്യയെത്തേടി നട കൊള്ളുന്നു,
കടലിന്‍റെ കണ്ണീരില്‍ സ്നാനം നടത്തി
സിന്ദൂരകംബളം പുതയ്ക്കുന്നു.


ദൂരെയാണെങ്കിലും അമ്മേ നിന്നുടെ
സ്നേഹത്താരാട്ടില്‍ ഞാനിന്നും ഉറങ്ങുന്നു.
എത്ര ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞാലും
നിന്‍ പൈതലാവാന്‍ ഞാന്‍ കൊതിക്കുന്നു.

Thursday, July 17, 2008

പുണ്യം

ഒരു തീര്‍ത്ഥകണമായി നീയെന്‍റെ നെറുകയില്‍
‍ആദ്യമായന്ന് പതിച്ച നാളില്‍,
ഒരു തുളസീദളമായി നീയെന്‍റെ മുടിയിലെ
സൌഗന്ധപുഷ്പമായി തീര്‍ന്ന നാളില്‍,


ഒരു കുഞ്ഞുതൂവലായ് നീയെന്‍റെ ജാലക-
വാതിലിലെന്നും അണഞ്ഞ നാളില്‍,
ഒരു മഞ്ഞുതുള്ളിയായ് നീയെന്‍റെ ഉഷസ്സിന്‍
‍നൈര്‍മ്മല്യഭാവമായി തീര്‍ന്ന നാളില്‍,


ഒരു പുതുകാറ്റായെന്‍ ജീവന്‍റെ പൈങ്കിളി
പൂഞ്ചിറകുകള്‍ വീശി പറന്ന നാളില്‍,
ഒരു വര്‍ണ്ണചിത്രമായ് നിന്നെയെന്നുള്ളിലെ
ചിതല്‍ഭിത്തിയിലെന്നും അണിഞ്ഞ നാളില്‍,


ആ ദിനങ്ങളേകിയ സുന്ദര സ്വപ്നത്തില്‍
‍ഒഴുകി ഞാനില്ലാതെയായ നാളില്‍,
അറിയുന്നുവോ നീയാ നാളിന്‍റെ ഭംഗികള്‍
ഇത്ര നാള്‍ തേടിയ ഭാഗ്യമേ, മമ ചേതനയുടെ സായൂജ്യമേ...

യാത്രാമൊഴി

സന്ധ്യയ്ക്ക് സിന്ദൂരക്കോടി നല്‍കി
തിങ്കളാം ദേവന്‍ സുമംഗലിയാക്കി,
മാതൃദുഃഖം പേറുന്ന പകലിനോ
പകലവന്‍ മാറില്‍ സ്വാന്തനമേകി.

ജനനം മുതലവള്‍ പങ്കിട്ട സ്വപ്നങ്ങള്‍
‍സ്വഗൃഹം വാരി നെഞ്ചിലൊതുക്കവേ,
അറിയാതെയെങ്കിലും വാനില്‍ പരന്നവ
ചിത്രകാരന്‍ ചാലിച്ച വര്‍ണ്ണങ്ങള്‍ പോലവേ..

സിന്ദൂരക്കുറിയിട്ട സുന്ദരിപ്പെണ്ണിനായ്
നക്ഷത്രദീപങ്ങള്‍ താലം പിടിച്ചു
ഹൃദയം നിറയുന്ന സ്നേഹം തുളുമ്പവേ
വെണ്‍ചന്ദ്രകിരണങ്ങള്‍ രത്നങ്ങളായിതാ..

ഇരുമിഴികളിലൊന്നില്‍ നിറയുന്ന വിരഹവും
മറ്റൊന്നില്‍ സ്വപ്നത്തിന്‍ തങ്കതിളക്കവും
മനസ്സിന്‍ പ്രതിഫലനം ആയിത്തുടിക്കുമ്പോള്‍
സന്ധ്യ തന്‍ വദനവും ചുവന്നു തുടുക്കുന്നു..

നീലരാവിന്‍ ശുഭ്രമാം മഞ്ചത്തില്‍
‍ചന്ദ്രബിംബത്തിന്‍ ചുംബനമേല്ക്കവേ,
പതിയെ മനസ്സില്‍ മായുന്നു മറയുന്നു
പകലിന്‍റെ ദുഃഖവും സൂര്യന്‍റെ താപവും..

ഇനിയൊരുഷസ്സിന്‍ പിറവി തന്‍ നൊമ്പരം
എതിരേല്ക്കാനകലെ ഒരുങ്ങുകയാണവര്‍
വിരഹം വിതയ്ക്കുന്ന മൌനനൊമ്പരങ്ങള്‍
മനസ്സില്‍ നിറയും എന്നറിവോടു തന്നെ...

Monday, July 14, 2008

കണ്ണനായ്..

എന്നുണ്ണിക്കണ്ണന്‌ നൈവേദ്യമാകുവാന്‍
‍എന്‍ ജന്‍മ നവനീതമേകുന്നു ഞാന്‍
മുരളികയൂതുമെന്‍ കാര്‍മുകില്‍വര്‍ണ്ണന്‍റെ
മുരളി തന്‍ ഗാനവും ഞാന്‍..

വനമാലി തന്നുടെ വനമാലയാകുവാന്‍
‍പൂവായ് പിറക്കുന്നു ഞാന്‍
മഞ്ഞപ്പട്ടുടയാട ചാര്‍ത്തുമെന്‍ കണ്ണന്‍റെ
കാല്‍ത്തളയാകുന്നു ഞാന്‍..

എന്‍ പ്രിയ കൃഷ്ണന്‍റെ നെറുകയിലാടുന്ന
ഒരു മയില്‍പ്പീലിയും ഞാന്‍..
ആ പുണ്യ പദതളിര്‍ കാണാന്‍ കൊതിക്കുന്ന
കാളിന്ദി രേണുവും ഞാന്‍...

എങ്കിലും, ദുഃഖങ്ങള്‍ കാളിയനായി ആടുന്ന
ഈ ജന്മ നദിയിലെ ഓളങ്ങളെല്ലാം
ഇന്നും തേടുന്നു കണ്ണാ നിന്നുടെ
നര്‍ത്തനം ചെയ്യുന്ന പൂവിതള്‍ പാദങ്ങള്‍..