Monday, March 5, 2018

അത്രമേലാഴത്തിൽ
നീയെന്നിൽവേരൂന്നിയതിനാലാവാം,
യുഗങ്ങൾക്കിപ്പുറവും,
കൊഴിഞ്ഞുവീഴുന്ന ഓരോയിലകളിലും
നിന്റെ ഹൃദയത്തുടിപ്പുകൾ പിടഞ്ഞുണരുന്നത്.
അത്രമേൽ നീയെൻസിരകളിൽ
സാഗരമായി ഒഴുകുന്നതിനാലാവാം,
കൈനീട്ടി തൊടാനെത്തുന്ന തിരകളെല്ലാം
നിന്റെ രേഖാചിത്രം വരച്ചുമടങ്ങുന്നത്
അത്രമേൽ വസന്തമായ്
നീയെന്നിൽപൂത്തുലഞ്ഞതിനാലാവാം,
മധു നുകരുന്ന മകരന്ദമോരോന്നും
നിന്റെ ചുണ്ടിണകളെ ഓർമ്മിപ്പിക്കുന്നത്
അത്രമേൽ നീയെന്നാകാശസീമകളെ
തൊട്ടുണർത്തിയതിനാലാവാം,
പെയ്യുന്ന ഓരോ മഴനീർപ്പളുങ്കിലും
നിന്റെ കൺപീലിക്കറുപ്പൊന്നു
കാണാൻക്കഴിയുന്നത്.
അത്രമേൽ നിന്നെയെന്നാത്മാവിൽ
വഹിക്കുന്നതിനാലാവാം,
ഒരു ചെറുകാറ്റിൽപ്പോലും
നീയൊരു ചുടുനിശ്വാസഗന്ധമായെന്നെ
ചൂഴ്ന്നുനിൽക്കുന്നതും.
ഇന്നെന്തേ പാട്ടിനീതേന്മധുരം,
ഇന്നെന്തേ പൂവിനിത്ര ചന്തം
ഇന്നെന്തേയാകാശപ്പൂവനിയിൽ,
പണ്ടൊന്നും കാണാത്ത പൊൻവസന്തം?
ഇളംമഞ്ഞുചൂടുന്ന താഴ്‌വരയിൽ,
ഇന്നെന്തേ കാറ്റിനു മലർസുഗന്ധം,
ഇന്നെന്തേ, പൂന്നിലാപ്പാൽപൊയ്കയിൽ,
നീരാടുംപെണ്ണിനുമാത്മഹർഷം?
മയിൽപ്പീലി തോൽക്കും നിൻമനസ്സിൽ
മലരായ് മഴയൊന്നുപൊഴിഞ്ഞതാണോ?
പവിഴങ്ങളൊളിക്കുംനിൻമിഴിയിൽ,
പാതിരാതാരകൾ ഉണർന്നതാണോ?
ഹൃദയങ്ങൾമൂളുംപാട്ടുകേൾക്കാൻ
സൗഗന്ധികങ്ങൾ തളിർത്തതാണോ?
അത്രമേൽ നിന്നെ സ്നേഹിക്കയാൽ,
ഇന്നെന്നാത്മാവിൻതേന്മുല്ല പൂത്തതാണോ?