Thursday, May 3, 2018

ഇനി കടം തരാനൊരു 
പകലില്ലെന്നുകാതിലോതി, 
തീതുപ്പിയ സൂര്യനെ വിഴുങ്ങി,
മുടിയഴിച്ചാടുന്നൂ  ഇരുണ്ടസന്ധ്യ..

കൊഴിഞ്ഞ പകലിലെ,
സ്വയം മറന്നാടിയ ഗാനങ്ങൾ 
പാഴ് ശ്രുതി മാത്രമെന്ന്  
കൂട്ടം കൂടി പരിഹസിച്ചാർക്കുന്നു 
രാക്കൂട്ടിലെ ചീവീടുകൾ.

മഴനൂലുകൾ ചിന്നുമീ കറുത്തവാവിൽ,
മിഴിനീരിൻനൂലാലെൻ കാഴ്ച മായ്ച്,
അകലങ്ങളിൽ ഒരു പൊട്ടായ് മായുന്നു 
നീ തുഴയുന്നോരാ സ്നേഹവഞ്ചി...

ചില്ലുപാത്രംപോലുടഞ്ഞുതകർന്ന്,
ദൂരേയ്ക്ക്ക മിഴി പാകി, കടവത്തുനിൽപ്പൂ,
അഗ്നിഗോളങ്ങൾ വിഴുങ്ങി
മറ്റൊരു സന്ധ്യയായ് ഞാനും