Tuesday, December 18, 2007

മഴ

മഴയുടെ കണ്ണുനീര്‍ എന്നും എന്‍റെ ദുഃഖം ആയിരുന്നു..കാര്‍മേഘം ഇരുണ്ടു കൂടി ഇടിയും മിന്നലുമായി കോരിച്ചൊരിയുന്ന തുലാവര്‍ഷം.. ഇടതടവില്ലാതെ മനം നൊന്തു കരയുന്ന ഇടവപ്പാതി..മേഘത്തിന്‍റെ ഗര്‍ജ്ജനം ഭയന്നു പുതപ്പിനടിയില്‍ ചുരുണ്ടു കൂടിയ ബാല്യം..പിന്നെ മഴയുടെ ദുഃഖം അലിയുമ്പോള്‍ അവളുടെ കണ്ണീരില്‍ കളിവള്ളമൊഴുക്കി കൂട്ടിരുന്നിരുന്നു ഞാന്‍. അവളുടെ ദുഃഖം ഏറ്റു വാങ്ങിയ പുല്‍നാമ്പിനെങ്കിലും സ്വാന്തനം ഏകാന്‍ തൊടിയിലൂടെ പതിയെ നടന്നിരുന്നു. ഇന്നതൊക്കെ മനസ്സിന്‍റെ ഏകാന്ത ദുഖം ആണ്.. ഒരിക്കലും തിരിച്ചു കിട്ടാത്ത കുറേ ഓര്‍മ്മകളുടെ മൌന നൊമ്പരം...


ഇതാ എന്‍റെ മനസ്സില്‍ പെയ്തുണര്‍ന്ന മഴത്തുള്ളികള്‍..




ഇടവപ്പാതി തന്‍ മുടിത്തുമ്പു നനയുന്നു..
അവള്‍ ചൂടും പൂവിന്‍റെ കരി മിഴി നിറയുന്നു..
വഴി കാട്ടും മിന്നലിന്‍ ഇടനെഞ്ചു പൊട്ടുന്നു..
കാറ്റായി അമ്മ തന്‍ ഉശ്ചാസമുഴലുന്നു...

Wednesday, December 12, 2007

തിരിച്ചറിവ്

പോയ ജന്‍മത്തിന്‍ വയല്‍ വരമ്പിലൂടെന്നോ
പാറി പറന്നോരെന്‍ ചിത്ര പതംഗമേ,
നിന്‍ വര്‍ണ്ണ പത്രത്തിന്‍ നിറക്കൂട്ടിലെവിടെയോ,
ഒഴുകാത്ത വര്‍ണ്ണമായി ഞാനലിഞ്ഞിരിന്നുവോ?

കാപട്യം

അഗ്നിയിലെന്ന പോല്‍ പൊള്ളിയെന്‍ നെഞ്ചകം
പൊള്ളയാം സ്നേഹത്തിന്‍ തീജ്വാലയേറ്റപ്പോള്‍
പാഴ്വാക്കു കേള്‍ക്കുമെന്‍ ജീവന്‍റെ സ്പന്ദനം
പാഴായി വീണിതെന്‍ ദിനരാത്ര കോലായില്‍..

വേണ്ടിയിരുന്നില്ല...

വളരേണ്ടിയിരുന്നില്ലെന്ന്‌ ചൊല്ലി ഞാന്‍ പലവട്ടം;
വളരുന്ന മാനസഭാരം ഇറക്കുവാനാകാതെ
ഒരു ചുമല്‍ തേടി അലഞ്ഞ നാളുകളിലെന്നും..

ഉണരേണ്ടിയിരുന്നില്ലെന്ന് സ്വയം ചൊല്ലിയെന്‍ രാവുകള്‍
‍വ്യഥയുടെ കനം പേറി നിദ്രയെപ്പോലും മറന്നപ്പോളെന്നും..

നനയേണ്ടിയിരുന്നില്ലെന്ന്‌ ചൊല്ലിയെന്‍ കണ്ണുകള്‍
‍ബാല്യത്തിന്‍ വളപ്പൊട്ടും മഞ്ചാടി മണികളും
കാത്തൊരെന്‍ മണ്‍കുടം ഉടഞ്ഞു തകര്‍ന്നപ്പോള്‍..

ഒന്നും കൊതിക്കേണ്ടിയിരുന്നില്ലെന്ന്‌ കേഴുന്നു ഇന്നുമെന്‍
‍വ്യാമോഹശ്ശീല തന്‍ നാണയകിലുക്കങ്ങള്‍...

ഹിമബിന്ദു

ഒരു പുല്‍നാമ്പിന്‍ മിഴിനീരായി നിന്നു പെയ്യും
മഞ്ഞു തുള്ളിയെ പുല്‍കുന്ന കാറ്റിനോ,
അരുണന്‍റെ രശ്മിക്കോ,
അറിയില്ല ഹിമബിന്ദു ദുഃഖസാന്ദ്രമെന്ന്‌..

ജനനം പുല്‍ക്കൊടി തന്‍ ദുഃഖമായി,
മരണം കാറ്റിന്‍ തലോടലായി,
സ്വപ്നതുല്യമായൊരാ ജീവിതം
അഴകുറ്റതാക്കി സൂര്യന്‍റെ കിരണം..

തപസ്സ്

പ്രിയമാണെനിക്കെന്നുമാ മണ്ണിന്‍റെ ഗന്ധം
പ്രാണവായുവിന്‍ സുഗന്ധം അതെന്ന പോലെ..
സ്വര്‍ഗ്ഗമാണെനിക്കെന്നുമാ പുണ്യമാം തീരം
സുന്ദര സ്വപ്നത്തിന്‍ പല്ലവി എന്ന പോലെ..

നിഴലുകള്‍ കൈ കോര്‍ത്തു ചിരിക്കുന്ന വഴികളെ
നിശബ്ദം വിട ചൊല്ലി നിശ്ചലമാക്കീട്ടും
നിദ്രയില്‍ പോലും സ്വപ്നം ആയി തഴുകുന്നു
നീരാളം നല്‍കി എന്നെ സുഖമായി ഉറക്കുന്നു..

താരാട്ടിന്‍ തേന്‍കണം നല്‍കുമെന്‍ അമ്മയായി
തൊട്ടിലായി ചമയുന്നു കാറ്റിന്‍റെ കൈകള്‍..
മിഴികളില്‍ വര്‍ണ്ണമായി പൂത്തുലഞ്ഞീടുന്നു
പൊയ്പ്പോയ കാലത്തിന്‍ സുന്ദര ദൃശ്യങ്ങള്‍..

ഹിമം ചൂടി ഉണരുന്ന പുലരിയില്‍ ഉണരുവാന്‍
‍മായുന്ന വെയിലിന്‍റെ ആലസ്യം ഏല്‍ക്കുവാന്‍
‍പുണ്യം പകരുന്ന സന്ധ്യ തന്‍ കുറി തൊട്ടു
മേഘത്തിന്‍ സഖിയായി നിലാവിലലിയുവാന്‍..

വെറുതെ വെറുതെ കനവിന്‍റെ തോണിയില്‍
‍കിനാവിന്‍ പാലാഴി തുഴയാതെ തുഴയുവാന്‍..
ഒരുപാടു കാലമായി ഞാന്‍ കാത്തിരിക്കുന്നു
എന്‍ തപസ്സിന്‍റെ വരസിദ്ധി എന്നായിരിക്കുമോ?