Thursday, October 30, 2008

കോലങ്ങള്‍

കാലമേറെയായി ഞാനാ
വീടിന്‍റെ പടിവാതില്‍ താണ്ടിയിട്ടു്‌..
ഒന്നിനും മാറ്റമില്ലൊന്നിനും,
പൊട്ടിപ്പൊളിഞ്ഞ ഭിത്തികള്‍ക്കല്ലാതെ..
ബാല്യം പങ്കു വെച്ച ഉമ്മറത്തിണ്ണകളും
വാര്‍ദ്ധക്യം നെടുവീര്‍പ്പിട്ട ചാരുകസാലയും
വിധിയുടെ കോലങ്ങള്‍ പോല്‍ ഇന്നും ഭദ്രം..
"ആരുമില്ലേ" എന്ന ഉറക്കെ ചോദ്യം
ശൂന്യതയിലെവിടെയോ തലയിട്ടടിച്ചു..
ഓടാമ്പല്‍ നീങ്ങിയ വാതിലിനപ്പുറം
ജീവിതം പ്രഹരിച്ച മനുഷ്യസത്യങ്ങള്‍..
സ്നേഹം അന്യം നിന്ന മുഖഭാവങ്ങളിലിന്നും
തേടിയതു കാണാതെ തിരികെ നടക്കുമ്പോള്‍
ഓര്‍ക്കുന്നു വീണ്ടും,ഒന്നിനും മാറ്റമില്ലിവിടെ
ഒന്നിനും ചിതലരിച്ച മനസ്സുകള്‍ക്കു പോലും..

വെളുത്ത വാവു്‌

ഇന്നെന്തേ രാവിനു ഇത്ര വെണ്മ?
ഈറന്‍ നിലാവിന്‍ പാല്‍മണം വീണതോ?
താരകസ്വപ്നങ്ങള്‍ മുല്ലയായി പൂത്തതോ?
മേഘമാം മുത്തശ്ശി വെണ്‍ഭസ്മം തൊട്ടതോ?
ഇത്തിരി മോഹങ്ങള്‍ ഓര്‍മ്മയായി പാടുമെന്‍
മനസ്സിന്‍റെ പന്തലില്‍ ചന്ദ്രികയുദിച്ചതോ?
ഒരു മഞ്ഞുതുള്ളി തന്‍ നൈര്‍മ്മല്യവും പേറി
പണ്ടത്തെ മഴയൊരു കുളിരായി ചിരിച്ചതോ?
വീണലിയവേ മണ്ണിന്‍റെ മാറിലെ
മൂകമാം നൊമ്പരം മുഖംമൂടിയണിഞ്ഞതോ?
ഒന്നുമേ നല്‍കാതുറക്കിയതെങ്കിലും
തങ്കക്കിനാവുകള്‍ പുഞ്ചിരി പെയ്തതോ?

ഉത്സവം

ഉത്സവമേളത്തിന്‍ നാന്ദിയായി,
കൊടിയേറി കാണുവാന്‍ ഭക്തജനസമുദ്രം
സുന്ദരമാമെന്‍ ഗ്രാമത്തിന്‍ ഫാലത്തില്‍
സുവര്‍ണ്ണദീപ്തമാം തിലകമാണാ ക്ഷേത്രം..
മഹാദേവന്‍റെ തിരുപ്രസാദത്തിനാല്‍
മഹാദുഃഖങ്ങളെല്ലാം ശമിച്ചീടും..
ഉണ്ണിഗണപതി രക്ഷസും നാഗരും
പാര്‍ശ്വേ വസിക്കുന്ന പുണ്യമാം കോവിലിന്‍
ഒരു കാതം മാത്രം അകലെയാണല്ലോ
ദേവനു പ്രിയയാകും ഉമ തന്‍ ഇരിപ്പിടം.
ശതദിനം നീളുന്ന മഹാസംഗമമതില്‍
സപ്താഹ പുണ്യം നിറയുന്ന പകലുകള്‍
രാവിനു മാറ്റേകും തിരുവെഴുന്നള്ളത്തും
മനസ്സിനു സുഖമേകും തിരുദര്‍ശനവും
എന്നുമെന്‍ അകതാരില്‍ പൂമഴ പൊഴിച്ചീടും
ആ പുണ്യ നാളിന്‍റെ സ്മൃതിദലങ്ങള്‍...

ദീപാരാധന

മഴയുടെ കിന്നാരം തീര്‍ന്നൊരു സന്ധ്യയില്‍
മലരുകള്‍ ഈറനില്‍ കുളിച്ച നാളില്,
നിറദീപം തെളിയുന്ന തുളസിത്തറ മുന്നില്‍
കുറി തൊട്ടു നില്ക്കുന്നു സന്ധ്യയും ഞാനും..

ദൂരെയാ കോവിലില്‍ ദീപാരാധനയ്ക്കാ-
യിരം ദീപങ്ങള്‍ തൊഴുതു നിന്നു..
ഇടയ്ക്കയും ചെണ്ടയും നാദസ്വരവുമായി
വെണ്മുകില്‍ കഴകത്തിനൊരുങ്ങി നിന്നു..

ശംഖിന്‍റെ സ്വപ്നം ഒരു ഭക്തിഗീതമായി
കാറ്റിന്‍റെ നെഞ്ചില്‍ അലിഞ്ഞിറങ്ങി
ഒരു ഗദ്ഗദം പോലും പകരാതെ ചന്ദ്രിക
ശീവേലി കാണുവാന്‍ ഒതുങ്ങി നിന്നു..

വെള്ളാരംകണ്ണുള്ള പെണ്‍കുട്ടി

അദ്ഭുതങ്ങള്‍ കാട്ടി അവളെന്നുമെന്നെ പേടിപ്പെടുത്താറുണ്ടായിരുന്നു..
കുപ്പിവള കിലുക്കം പോലെയുള്ള ചിരിയുതിര്‍ത്തു
എന്‍റെ ശൂന്യതയ്ക്ക് വിരമാമിടുമ്പോഴും
വെള്ളാരംകണ്ണുകളില്‍ കണ്ണീരിന്റെ നനവു കാത്തു
ആദ്യമായി അവളെന്നെ അദ്ഭുതപ്പെടുത്തി
പിന്നെ, ആരും പഴിയ്ക്കുന്ന എന്‍റെ മോഹഭംഗങ്ങളെ
നെഞ്ചിലേറ്റി വേദനയോടെ പൊട്ടിക്കരഞ്ഞപ്പോള്‍ രണ്ടാമതും..
സൌഹൃദമേടകളിലിരുന്നു കഥകള്‍ പങ്കിട്ടപ്പോളും
സൂര്യന്റെ മരണത്തില്‍ നെഞ്ചുരുകിയപ്പോഴും
മഴയുടെ കണ്ണീരില്‍ സ്വയം അലിഞ്ഞപ്പോഴും
ഒരേ തൂവല്‍ പക്ഷികളായി വീണ്ടും വീണ്ടും
അവളെന്നില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു..
ഒടുവില്‍ പകല്‍ പോലും ഉറങ്ങാന്‍ തുടങ്ങിയ
ഒരു ത്രിസന്ധ്യയില്‍, ഒരു മഹാദ്ഭുതം കാട്ടിയവള്‍
മരണത്തിന്‍ ചിറകേറി ഉള്ളം നീറ്റുന്ന സ്മരണയായി മാറിയപ്പോള്‍
‍എന്‍റെ ദുഃഖങ്ങളുടെ പട്ടികയില്‍ ഒരു ചോദ്യം ബാക്കി..
എനിക്കു പോലും അജ്ഞാതമായ, നിന്നെ തകര്‍ത്ത ആ കഥയെന്തെന്ന ചോദ്യം..
ഇന്നും സൌഹൃദത്തിന്‍ പൊയ്മുഖങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കുന്നു നിന്നെ ഞാന്‍,
ഒപ്പം സ്നേഹം തുളുമ്പിയ നിന്‍റെ വെള്ളാരംകണ്ണുകളും..