Friday, January 26, 2018

കോലങ്ങള്‍ കാലമേറെയായി ഞാനാ വീടിന്‍റെ പടിവാതില്‍ താണ്ടിയിട്ടു്‌.. ഒന്നിനും മാറ്റമില്ലൊന്നിനും, പൊട്ടിപ്പൊളിഞ്ഞ ഭിത്തികള്‍ക്കല്ലാതെ.. ബാല്യം പങ്കു വെച്ച ഉമ്മറത്തിണ്ണകളും വാര്‍ദ്ധക്യം നെടുവീര്‍പ്പിട്ട ചാരുകസാലയും വിധിയുടെ കോലങ്ങള്‍ പോല്‍ ഇന്നും ഭദ്രം.. "ആരുമില്ലേ" എന്ന ഉറക്കെ ചോദ്യം ശൂന്യതയിലെവിടെയോ തലയിട്ടടിച്ചു.. ഓടാമ്പല്‍ നീങ്ങിയ വാതിലിനപ്പുറം ജീവിതം പ്രഹരിച്ച മനുഷ്യസത്യങ്ങള്‍.. സ്നേഹം അന്യം നിന്ന മുഖഭാവങ്ങളിലിന്നും തേടിയതു കാണാതെ തിരികെ നടക്കുമ്പോള്‍ ഓര്‍ക്കുന്നു വീണ്ടും,ഒന്നിനും മാറ്റമില്ലിവിടെ ഒന്നിനും ചിതലരിച്ച മനസ്സുകള്‍ക്കു പോലും.
പാതിരാവണഞ്ഞിട്ടും ശ്രീകോവിലടഞ്ഞിട്ടും, ധനുമാസചന്ദ്രലേഖ മടങ്ങിയില്ല, കൽവിളക്കുറങ്ങുന്ന പ്രദക്ഷിണവഴികളിൽ പരിദേവനവുമായി തൊഴുതു നിന്നു... അഴലുറഞ്ഞൊരു വെണ്‍ശിലയായവളാ ആകാശവീഥിയിൽ തളർന്നു നിന്നു, കണ്ണ് തുറക്കാത്ത, കരളൊന്നലിയാത്ത ദേവ"ശില" മുന്നിൽ തനിച്ചു നിന്നു ... പാതിരാവണഞ്ഞിട്ടും ശ്രീകോവിലടഞ്ഞിട്ടും, ധനുമാസചന്ദ്രലേഖ തൊഴുതു നിന്നു, വൃഥാ തൊഴുതു നിന്നു...
കാട്ടുകൈതകൾ പൂക്കുന്ന, കൈനാറിപ്പൂക്കൾ ചിരിക്കുന്ന, സമയവഴികളിലെവിടെയോ നാം കണ്ടിരിക്കാം.... അല്ലായിരുന്നെങ്കിലെങ്ങനെ നീയെന്ന വാനവും ഞാനെന്ന ഭൂമിയും ഒരേ വർണ്ണസുന്ദരചിത്രമായി? അല്ലായിരുന്നെങ്കിലെങ്ങനെ വെയിലായുരുകുമെൻ തപ്തമാം പകലിൽ നീ ആർദ്രമായ് പെയ്യുന്ന മേഘമായ്? അല്ലായിരുന്നെങ്കിലെങ്ങനെ? അല്ലായിരുന്നെങ്കിലെങ്ങനെ?
സ്‌നേഹമഴ അറിയാതെ പാടിയോ മഴമുകിലേ, ഞാന്‍ അരുമയായോതിയ ഹൃദയരാഗം.. പ്രിയമോടെ മൂളിയോ പൂന്തെന്നലേ, എന്‍ പ്രണയാര്‍ദ്രഗീതത്തിന്‍ മധുരഭാവം .. ആത്മാവിന്‍ നിത്യ സുഗന്ധമായി ആദ്യാനുരാഗമേ നീയുണര്‍ന്നു… സൗവര്‍ണ്ണസന്ധ്യ തന്‍ മോഹമായി എന്‍ തിരുനെറ്റികുങ്കുമം പുഞ്ചിരിച്ചു.. നീ മഴയായി പാടിയ സന്ധ്യകളും, നിന്‍ നിഴലായി മാറിയ വീഥികളും, പ്രിയചുംബനം നല്‍കി വിട പറഞ്ഞു ആ തളിര്‍വാകത്തണലിലെ പൂനിലാവും…
മറവിയ്ക്കും ഓർമ്മയ്ക്കും ഇടയിലൊരു നേർത്ത ഞാണിലാണ് ബന്ധങ്ങൾ കോർത്തിട്ടിരിക്കുന്നത് ഒന്ന് പൊട്ടിയാലൂർന്നു വീഴുന്ന പളുങ്കുകൾ മാത്രം, എല്ലാ മുഖങ്ങളും മോഹങ്ങളും..
വെള്ളാരംകല്ലുകൾ ചേർത്തു വെച്ച പാതയിലൂടെ, നമുക്കൊരു യാത്ര പോകണം, സ്നേഹം പൂക്കൂട നിറയ്ക്കുന്ന ബാല്യത്തിൻ ആരാമം കാണാൻ, നിയമങ്ങൾ കല്ലെറിയാത്തരാജ്യത്തെ രാജാവും റാണിയുമാവാൻ, നക്ഷത്രക്കുഞ്ഞിനൊപ്പം ഊഞ്ഞാലുകെട്ടി ആകാശവും ഭൂമിയുമാവാൻ , അമ്പിളിപ്പെണ്ണിന്റെ, മുല്ലപ്പൂമാല ചൂടാൻ, നിന്റെ കൈയുംപിടിച്ചൊരു യാത്രപോകണമെനിക്ക്, സൂര്യനും താരവുമറിയാതെ, നിഴലും നിലാവുമറിയാതെ, ആഴിയും തീരവുമറിയാതെ , നമുക്ക് മാത്രമായി ഒരു യാത്ര...
ഇനി... പാതകൾ ഇണപിരിയുന്നിടത്ത്, നമുക്കും വിടചൊല്ലിപ്പിരിയാം.. മൌനവല്മീകങ്ങളിൽ കുടിവെച്ച സ്വപ്‌നങ്ങൾക്ക് ചിറകുവെയ്ക്കുംമുന്പേ യാത്രചൊല്ലാം.. കർമ്മമിടറിയ പ്രദക്ഷിണവഴികളിൽ മിഴിനീർകുടഞ്ഞു ശുദ്ധിചെയ്ത്, 'മാറാപ്പിന്നുള്ളിൽ' വിശന്നുറങ്ങും 'മിന്നാമിനുങ്ങിനു ' ജീവൻവെയ്ക്കുംമുന്പേ, തിരിഞ്ഞൊന്നുനോക്കാതെ നടന്നകലാം. ഒരു തണൽപോലും കൂട്ടുവിളിക്കാതെ, തിളയ്ക്കുന്ന ഉച്ചവെയിലിലേയ്ക്കിറങ്ങിച്ചെന്ന്, ഒറ്റയ്ക്കൊരു ഉലയിൽ ഉരുകിത്തീരാൻ.
ഞാൻ, മഞ്ഞുനീർത്തുള്ളിയെ ഇടനെഞ്ചിലൊതുക്കി, വേനലാകാൻ കൊതിച്ച്, മഴയായി മാത്രം പൊഴിഞ്ഞവൾ ... മറയുന്ന മാമരക്കാഴ്ചകളിൽ, തണൽ തേടി നടന്നവൾ ... നീ, നിലാവായി വന്നുദിച്ച്, സൂര്യനായ് ചിരിച്ച്, മഴമേഘങ്ങളോടെതിർത്തു ജയിച്ചവൻ... അഴലുന്ന ആകാശക്കീഴിൽ , എന്നുംനിറമാർന്ന കുടയായി തീർന്നവൻ.. നമ്മൾ, സൗരയൂഥപഥങ്ങളിൽ നിത്യവും, അന്യഗ്രഹങ്ങളായി, മുഖം കാണാതലഞ്ഞു തിരിഞ്ഞവർ... അതിനാലാകാം, നീ ശരിയും ഞാൻ തെറ്റുമായിത്തീർന്നത് അതിനാലാകാം, നീ സത്യവും ഞാൻ വെറുമൊരു കള്ളവുമായിത്തീർന്നതും..
നഷ്ടസ്വപ്നം വീണുടഞ്ഞിട്ടുമാ, വളപ്പൊട്ടുകളില്‍ മുഖം നോക്കാനാണെനിക്കിന്നുമിഷ്ടം… കരിഞ്ഞുണങ്ങിയിട്ടുമാ, കല്യാണിമുല്ല തന്‍ പൂമണം ചൂടുവാനിന്നുമിഷ്ടം … പെയ്‌തൊഴിഞ്ഞിട്ടുമാ, ആകാശക്കവിളിലെ മഴമേഘമാകുവാനേറെയിഷ്ടം … വെയിലണഞ്ഞിട്ടുമാ, രാവിന്‍ നിലാവായി പൂത്തുലഞ്ഞീടുവാനിന്നുമിഷ്ടം… ഇഷ്ടങ്ങളെല്ലാമേ, നഷ്ടങ്ങളായിട്ടുമാ ഇഷ്ടങ്ങളെ തന്നെനിക്കിന്നുമിഷ്ടം…

Saturday, January 20, 2018

പൂവായി നീ വിരിയുന്നതിനാലാകാം
എന്റെ ഓർമ്മകൾക്കെന്നും
ഇത്ര സുഗന്ധം.

നാലുമണിപ്പൂവ്

ഉച്ചയുറക്കത്തിൽ നിന്നുണരുമ്പോൾ എന്നും
അവൾ ചിരിച്ചു കൊണ്ടേയിരുന്നു...
നാട്ടുപലഹാരം മണക്കുന്ന അടുക്കളയ്‌ക്കപ്പുറം, 
തണൽ തല ചായ്ച്ചുറങ്ങുന്ന വടക്കിനിയ്ക്കപ്പുറം,
മാന്തളിർ തിന്നുന്ന കുയിൽ പെണ്ണിൻ കവിൾ തഴുകി,
കുഞ്ഞിളംകാറ്റൊന്ന് ചെറുകുശലം ചൊല്ലുന്പോഴും,
നാലുമണിയുടെ വരവറിയിക്കുവാൻ,
വെയിൽ സ്വർണ്ണത്തുകിൽ മെനയുന്പോഴുമെല്ലാം
ആലസ്യം മറന്നവൾ ചിരി തൂകി നിന്നു,,,
കുഞ്ഞു ലക്ഷ്മിയുടെ പുസ്തകക്കെട്ടുകൾ
കോലായിൽ വിശ്രമം തേടുമ്പോൾ,
തഴുകാനണയുന്ന സ്നേഹമഴയുടെ
കുളിരോർത്ത് മുഖം തുടുത്തും,
അവളുടെ നെഞ്ചിലെ മധുരമാം  പാട്ടിനു
ചെവിയോർത്തു മെല്ലവേ താളം പിടിച്ചും,
ഒരിക്കൽ വിഷം തീണ്ടിയൊരു കാക്കപ്പൂവായ്
കുഞ്ഞുലക്ഷ്മി വീഴുന്നതു വരെ
ആ നാലുമണിപ്പൂവ് ചിരിച്ചു കൊണ്ടേയിരുന്നൂ...
അതിൽ പിന്നെ എന്നുമേ ചിരി മറന്നും...
മഴയില്ലാതെ വിരിയുന്ന
മഴവില്ല് കാട്ടിത്തരുന്നുണ്ട്,
നിന്റെ മിഴിമേഘങ്ങൾ..
ഒരു മണ്‍ച്ചിമിഴിൽ, ഒരു മണിച്ചിപ്പിയിൽ,
എന്നോർമ്മകളെല്ലാം ഞാൻ ഒളിച്ചു വെച്ചു.
നഷ്ടങ്ങളായി മനം ചൊല്ലിയിട്ടും, പ്രിയ
ഇഷ്ടങ്ങളായെന്നും ഓർത്തു വെച്ചു..
കുങ്കുമം ചാർത്തിയ സന്ധ്യയുണ്ട്, അതിൽ
ചന്ദനം പൂശിയ പുലരിയുണ്ട്
മഴയേറ്റു നനയുന്ന രാവുമുണ്ട്, പിന്നെ
വെയിലേറ്റു വാടുന്ന പകലുമുണ്ട്..
ചെളിമണ്ണ്‍ മണക്കുന്ന വയലുമുണ്ട്, എന്നും
ഹരിനാമം ചൊല്ലുന്ന ആലുമുണ്ട്.
മധുരമായി പാടുന്ന കുയിലുമുണ്ട്, ഇന്നും
മാമ്പൂക്കൾ ഉറങ്ങുന്ന തണലുമുണ്ട്.
കുളിരായി തഴുകിയ സ്വപ്നമുണ്ട്, നെഞ്ചിൽ
കടലായി മാറിയ ദുഃഖമുണ്ട്..
മുഗ്ദ്ധമാം സ്നേഹത്തിൻ ത്യാഗമുണ്ട്, നറും
മുത്തായി പൊഴിയുന്ന രാഗമുണ്ട്.
കാണുന്നു ഇന്നുമാ പൊൻകണികൾ, എൻ
ഇരുളാർന്ന പുലരി തൻ നിറകതിരായ്..
നിറയുന്നാ നന്മ തൻ നറുമണികൾ, ഇന്നീ
ഒഴിയുന്ന ചിപ്പി തൻ പുതുനിറമായ്‌.
പേരുപോലും മാഞ്ഞൊരു
സ്വപ്നത്തിൻനിഴലിൽ
ഉറക്കമായിരുന്നു ഞാനിത്രനാൾ.
മാനസച്ചെപ്പിൽ മരതകവുമായി,
മഴയുള്ള രാവുകളിൽ
കഥ ചൊല്ലാനെത്തുന്ന
മിന്നാമിന്നികളെക്കുറിച്ചു
പറഞ്ഞുണർത്തിയത് നീയാണ്.

വസന്തം പണിയുന്ന
മലർമുല്ലക്കുടിലു കാണാൻ,
ചിത്രശലഭങ്ങൾക്കൊപ്പം
യാത്രപോകാമെന്ന്
മൃദുവായ് കാതിലോതിത്തന്നതും നീ..
മഴയിനിയും പാടിയില്ലൊരു
മുല്ലപോലും പൂത്തതുമില്ല,
മിന്നാമിന്നികൾമാത്രം
പറയാനോർത്തകഥ
മറക്കാനാവാതെയിന്നുമെന്നും..