Thursday, October 30, 2008

വെള്ളാരംകണ്ണുള്ള പെണ്‍കുട്ടി

അദ്ഭുതങ്ങള്‍ കാട്ടി അവളെന്നുമെന്നെ പേടിപ്പെടുത്താറുണ്ടായിരുന്നു..
കുപ്പിവള കിലുക്കം പോലെയുള്ള ചിരിയുതിര്‍ത്തു
എന്‍റെ ശൂന്യതയ്ക്ക് വിരമാമിടുമ്പോഴും
വെള്ളാരംകണ്ണുകളില്‍ കണ്ണീരിന്റെ നനവു കാത്തു
ആദ്യമായി അവളെന്നെ അദ്ഭുതപ്പെടുത്തി
പിന്നെ, ആരും പഴിയ്ക്കുന്ന എന്‍റെ മോഹഭംഗങ്ങളെ
നെഞ്ചിലേറ്റി വേദനയോടെ പൊട്ടിക്കരഞ്ഞപ്പോള്‍ രണ്ടാമതും..
സൌഹൃദമേടകളിലിരുന്നു കഥകള്‍ പങ്കിട്ടപ്പോളും
സൂര്യന്റെ മരണത്തില്‍ നെഞ്ചുരുകിയപ്പോഴും
മഴയുടെ കണ്ണീരില്‍ സ്വയം അലിഞ്ഞപ്പോഴും
ഒരേ തൂവല്‍ പക്ഷികളായി വീണ്ടും വീണ്ടും
അവളെന്നില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു..
ഒടുവില്‍ പകല്‍ പോലും ഉറങ്ങാന്‍ തുടങ്ങിയ
ഒരു ത്രിസന്ധ്യയില്‍, ഒരു മഹാദ്ഭുതം കാട്ടിയവള്‍
മരണത്തിന്‍ ചിറകേറി ഉള്ളം നീറ്റുന്ന സ്മരണയായി മാറിയപ്പോള്‍
‍എന്‍റെ ദുഃഖങ്ങളുടെ പട്ടികയില്‍ ഒരു ചോദ്യം ബാക്കി..
എനിക്കു പോലും അജ്ഞാതമായ, നിന്നെ തകര്‍ത്ത ആ കഥയെന്തെന്ന ചോദ്യം..
ഇന്നും സൌഹൃദത്തിന്‍ പൊയ്മുഖങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കുന്നു നിന്നെ ഞാന്‍,
ഒപ്പം സ്നേഹം തുളുമ്പിയ നിന്‍റെ വെള്ളാരംകണ്ണുകളും..



1 comment:

mayilppeeli said...

നന്നായിട്ടുണ്ട്‌...വെള്ളാരംകണ്ണുകളെന്നും ഓര്‍മ്മയിലുണ്ടാവട്ടേ...മോഹങ്ങളും മോഹഭംഗങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമായി കാണുക... എല്ലാവരുടെയും അനുഭവമങ്ങനെയൊക്കെത്തന്നെയാണ്‌....ചെറിയ ചില വ്യത്യാസങ്ങളുണ്ടാവുമെന്നുമാത്രം....ആശംസകള്‍.....