Wednesday, December 12, 2007

തപസ്സ്

പ്രിയമാണെനിക്കെന്നുമാ മണ്ണിന്‍റെ ഗന്ധം
പ്രാണവായുവിന്‍ സുഗന്ധം അതെന്ന പോലെ..
സ്വര്‍ഗ്ഗമാണെനിക്കെന്നുമാ പുണ്യമാം തീരം
സുന്ദര സ്വപ്നത്തിന്‍ പല്ലവി എന്ന പോലെ..

നിഴലുകള്‍ കൈ കോര്‍ത്തു ചിരിക്കുന്ന വഴികളെ
നിശബ്ദം വിട ചൊല്ലി നിശ്ചലമാക്കീട്ടും
നിദ്രയില്‍ പോലും സ്വപ്നം ആയി തഴുകുന്നു
നീരാളം നല്‍കി എന്നെ സുഖമായി ഉറക്കുന്നു..

താരാട്ടിന്‍ തേന്‍കണം നല്‍കുമെന്‍ അമ്മയായി
തൊട്ടിലായി ചമയുന്നു കാറ്റിന്‍റെ കൈകള്‍..
മിഴികളില്‍ വര്‍ണ്ണമായി പൂത്തുലഞ്ഞീടുന്നു
പൊയ്പ്പോയ കാലത്തിന്‍ സുന്ദര ദൃശ്യങ്ങള്‍..

ഹിമം ചൂടി ഉണരുന്ന പുലരിയില്‍ ഉണരുവാന്‍
‍മായുന്ന വെയിലിന്‍റെ ആലസ്യം ഏല്‍ക്കുവാന്‍
‍പുണ്യം പകരുന്ന സന്ധ്യ തന്‍ കുറി തൊട്ടു
മേഘത്തിന്‍ സഖിയായി നിലാവിലലിയുവാന്‍..

വെറുതെ വെറുതെ കനവിന്‍റെ തോണിയില്‍
‍കിനാവിന്‍ പാലാഴി തുഴയാതെ തുഴയുവാന്‍..
ഒരുപാടു കാലമായി ഞാന്‍ കാത്തിരിക്കുന്നു
എന്‍ തപസ്സിന്‍റെ വരസിദ്ധി എന്നായിരിക്കുമോ?

3 comments:

സുല്‍ |Sul said...

നല്ല വരികള്‍. ഈണവുമുംണ്ട് :)

-സുല്‍

wordveryfication ozhivaakkaamo?

Siju Jerome said...

എന്റെ ദൈവമേ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..
ഈ "തപസ്സിന്റെ വരസിദ്ധി" കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ.

Sindhu said...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി..